ബഡ്ജറ്റ് 2025-26
2025-26 ലെ ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ്
2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബജറ്റ് തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്. ഈ ബജറ്റിൽ വ്യത്യസ്ത മേഖലകളെ അർഹിക്കുന്ന പ്രാധാന്യം നൽകി പരിഗണിക്കാൻ ശ്രമിച്ചിട്ടുണ്ട്. നാല് വർഷത്തെ ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്ന ബജറ്റ്. വ്യത്യസ്ത മേഖലകളിൽ നാം കൈവരിക്കേണ്ട ലക്ഷങ്ങളെ സംബന്ധിച്ച കൃത്യമായ കാഴ്ചപ്പാട് ഈ ബജറ്റിന് ദിശാബോധം നൽകുന്നു. പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്ന സ്വസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ നമുക്ക് സാധിക്കണം. അതിന് വിവിധ മേഖലകളിലെ ബോധപൂർവമായ ഇടപെടലുകൾ അനിവാര്യമാണ്. ഉൽപാദനരംഗത്തിന്റെയും വാണിജ്യരംഗത്തിന്റെയും മുരടിപ്പ് നമ്മുടെ വിഭവ ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ടൂറിസം രംഗത്തെ ഉൾപ്പെടെ പ്രയോജനപ്പെടുത്തിക്കൊണ്ട് നാടിൻറെ സാമ്പത്തികമായ ഉദ്ദീപനത്തിന് കരുത്ത് പകരാൻ നമുക്ക് സാധിക്കണം. അത് കേവലം ഗ്രാമപഞ്ചായത്തിന്റെ ബജറ്റിലൂടെ മാത്രം സാധിക്കുന്ന ഒന്നല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം കാലഘട്ടം നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിന് അധിക വിഭവസരോതസ്സുകളെ കണ്ടെത്തേണ്ടിയിരിക്കുന്നു. ചെലവുകൾ ചുരുക്കി കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഈ ബജറ്റിൽ ഉണ്ടായിട്ടില്ല. മറിച്ച് പൊതു ചെലവുകൾ പരമാവധി വർധിപ്പിച്ച് സമൂഹത്തിന്റെ സമഗ്രമായ വികസനത്തിനാണ് ഈ ബജറ്റിൽ ശ്രദ്ധിച്ചിട്ടുള്ളത്. 2025 മാർച്ച് 10 ന് ചേർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച ബജറ്റ് നിങ്ങൾക്ക് മുമ്പാകെ സമർപ്പിക്കുന്നു.